About Me

My photo
THIRUVANANTHAPURAM, Kerala, India

29 September, 2020

കൊലപാതക രാഷ്ട്രീയം

കൊലപാതകം അത് രാഷ്ട്രീയമായലും അല്ലെങ്കിലും മനുഷ്യൻ മനുഷ്യനോട് തന്നെ ചെയ്യുന്ന വളരെ നീചമായ പ്രവൃത്തിയാണ്. മറ്റൊരാളുടെ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യാൻ പാടില്ലാത്തതാണ്. കൊല്ലപ്പെട്ടത് സഖാവാണ് എന്നത് കൊണ്ട് അതിന്റെ വൈകാരിക തലത്തിൽ വ്യത്യാസം വരുന്നില്ല. കമ്മ്യൂണിസ്റ്റോ കോൺഗ്രസോ ലീഗോ ബി ജെ പിയോ ആർ എസ് എസോ ആരയാലും, ഒരു മനുഷ്യനാണ് കൊല്ലപ്പെട്ടത്.

എന്ത് കൊണ്ടിങ്ങനെ ചിലർ കൊല്ലപ്പെടുന്നു എന്ന് നമ്മൾ ചിന്തിക്കേണ്ടി ഇരിക്കുന്നു. ഞങ്ങളുടെ അറിവോടെയല്ലാ എന്നു നേതാക്കൾക്ക് കൈ കഴുകുവാൻ സാധിക്കില്ല. നിങ്ങളുടെയൊന്നും മൗനാനുവാദം ഇല്ലാതെ അനുയായികൾ ഇത് ചെയ്യില്ല. മറിച്ചാണെങ്കിൽ അച്ചടക്കത്തോടെ അണികളെ കൊണ്ടുനടക്കാൻ സാധിക്കാത്ത നിങ്ങളൊക്കെ നേതൃഗുണം ഇല്ലാത്തവരാണ് എന്ന് അംഗീകരിക്കണം . പാർട്ടിക്ക് ഒരു രക്തസാക്ഷി കൂടി ആകുമ്പോൾ മകൻ നഷ്ടപ്പെടുന്ന ഒരു അച്ഛനുമമ്മയും, അകലത്തിൽ വിധവയാകേണ്ടി വന്ന ഒരു ഭാര്യയും അച്ഛൻ നഷ്ടപ്പെടുന്ന മക്കളും ഈ സമൂഹത്തിൽ ബാക്കി വരുന്നുണ്ട്. ഇവരുടെ തുടർന്നുളള ദുരിത പൂർണ്ണമായ ജീവിതത്തിന് ആര് സമാധാനം പറയും.

ഇരുട്ടിന്റെ മറവിൽ ആൾബലം കൊണ്ട് കഠാര മുന കൊണ്ടും വാൾ തലം കൊണ്ടും ഒരു ജീവനെടുക്കാൻ കൂട്ട് നിൽക്കുന്നത് ഏതു പ്രസ്ഥനമായാലും തള്ളി പറയുക തന്നെ വേണം. പകരത്തിന് പകരം എന്ന തരത്തിൽ ചിന്തിക്കുന്നത് തന്നെ അപഹാസ്യമാണ്, മനുഷ്യത്വ രഹിതവും ആണ്‌. നമ്മളൊക്കെ ഒരു പരിഷ്കൃത സമൂഹത്തിന്റെ ഭാഗമാണ് എന്ന് കരുതാൻ വയ്യ എന്നായി. വളരെ പ്രാകൃതം ആണ് നമ്മുടെ രാഷ്ട്രീയമായ പ്രവൃത്തികൾ എന്ന് പറയാതെ വയ്യ. മറ്റവർ കൊന്നു തള്ളിയ അത്രെയൊന്നും ഞങ്ങൾ ആരും കൊന്നിട്ടില്ല എന്ന് പറയുന്നവരോട് കടക്ക് പുറത്ത് എന്ന് തന്നെ പറയണം.

ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടണം എന്ന അടിസ്ഥാന തത്വങ്ങൾ ആരാണ് ഇവരെയൊക്കെ പഠിപ്പിക്കുക. രാഷ്ട്രീയ പരമായുള്ള വെറുപ്പും വിദ്വേഷവും ഒന്നും കൊലപാതകങ്ങൾ കൊണ്ട് പരിഹരിക്കാൻ സാധിക്കുകയില്ല. സഹനമാണ് സമര മുറ, അല്ലാതെ കല്ലും, കുറിവടിയും, കഠാരയും, വാളും വാക്കത്തിയൊന്നുമല്ല.

#" മൂർച്ചയുളള ആയുധങ്ങൾ അല്ല പോരിൻ ആശ്രയം

ചേർച്ചയുളള മാനസങ്ങൾ തന്നെയാണ് അതോർക്കണം"


No comments: